ഇനിമുതൽ ഫ്ലാറ്റും ഭൂസ്വത്താകും; ഫ്ലാറ്റുടമകൾക്ക് പ്രത്യേക തണ്ടപ്പേർ നൽകാനുള്ള നടപടിയുമായി സർക്കാർ
ഇത് നടപ്പാകുന്നതോടെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഓരോ യൂണിറ്റിന്റെയും ഉടമയ്ക്ക് സ്വന്തംപേരിൽ കരം അടയ്ക്കാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനും കഴിയും.

ഫ്ളാറ്റ് സമുച്ചയത്തിൽ എത്ര യൂണിറ്റുകൾ ഉണ്ടെങ്കിലും എല്ലാറ്റിനുംകൂടി ഒരു തണ്ടപ്പേർ അനുവദിച്ചിരുന്ന നടപടി കാരണം വട്ടം ചുറ്റിയിരുന്ന ഫ്ലാറ്റുടമകൾക്ക് ആശ്വാസമാകുന്ന പുതിയ നടപടിയുമായി സർക്കാർ.
ഫ്ളാറ്റുകളെ ഭൂസ്വത്തായി പരിഗണിക്കുംവിധം റവന്യൂരേഖകൾ അനുവദിക്കാനുള്ള നിയമ ഭേദഗതി ഉടൻ പ്രാബല്യത്തിൽ വരും. ഇത് നടപ്പാകുന്നതോടെ ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ ഓരോ യൂണിറ്റിന്റെയും ഉടമയ്ക്ക് സ്വന്തംപേരിൽ കരം അടയ്ക്കാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനും കഴിയും. അതുമാത്രവുമല്ല ഫ്ലാറ്റുകൾ പണയപ്പെടുത്തി വായ്പയെടുക്കാനും ജപ്തി നേരിടുന്ന ഫ്ലാറ്റുകൾ വിൽക്കാനുമുള്ള തടസ്സങ്ങളും ഇതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ ഓരോ സമുച്ചയവും നിലനിൽക്കുന്ന ആകെ ഭൂമി ഒറ്റ തണ്ടപ്പേരായി കണക്കാക്കിയാണ് പോക്കുവരവ് നടത്തിവരുന്നത്. അതിനാൽ, ഓരോരുത്തർക്കും സ്വന്തമായി കരം അടയ്ക്കുന്നതിനോ ഭൂസ്വത്ത് ആയി കൈകാര്യം ചെയ്യാനോ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ ഫ്ളാറ്റിൽ കഴിയുന്നവർക്ക് സ്വന്തംനിലയിൽ വായ്പയെടുക്കാനും മറ്റും ഇതുമൂലം സാധിക്കുംകയുമില്ലായിരുന്നു.
പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാനത്തെ രണ്ടുലക്ഷത്തിലധികം വരുന്ന ഫ്ലാറ്റുടമകൾക്ക് പ്രയോജനം ലഭിക്കും.2016-ൽ ഗുഡ് സർവീസ് എൻട്രി നേടിയ റവന്യൂ ജീവനക്കാരനും ഐടി മിഷൻ സംസ്ഥാന കോഡിനേറ്ററുമായിരുന്ന എ. സന്തോഷ്‌കുമാറും ചാർജ് ഓഫീസർമാരായ മുഹമ്മദ് വൈ സഫീറുള്ള, എം. അഞ്ജന എന്നിവരും ചേർന്നാണ് ഈ പദ്ധതിക്ക് രൂപംനൽകിയത്.
പുതിയ നടപടികൾ ഇങ്ങനെ-
റെലിസ് അഥവാ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം എന്ന ഓൺലൈൻ സംവിധാനത്തിലാണ് ഭൂരേഖകളെല്ലാം കൈകാര്യം ചെയ്യുന്നത്. അതിൽ ഓരോ ഭൂവുടമയുടെയും തണ്ടപ്പേർ നമ്പറിൽ വിവരങ്ങൾചേർക്കാനുള്ള കോളത്തിനുതാഴെ സബ് നമ്പർ ചേർക്കാനുള്ള സൗകര്യമുണ്ട്. പ്രധാന കോളത്തിൽ ഭൂവുടമയെയും (മാതൃ തണ്ടപ്പേർ) സബ് നമ്പറിൽ ഫ്ളാറ്റിൽ താമസിക്കുന്നവരുടെയും വിവരങ്ങൾ ചേർക്കുകയാണ് ചെയ്യുക. ഇതുപയോഗിച്ച് പോക്കുവരവ് നടത്തി കരമൊടുക്കാനാവും.
എന്താണ് തണ്ടപ്പേർ?
ഭൂമി ഒരാളുടെപേരിൽ ചേർത്ത് വില്ലേജ് ഓഫീസിലെ തണ്ടപ്പേർ ബുക്കിൽ നമ്പർ ഇട്ട് രേഖപ്പെടുത്തുന്നതിനെയാണ് തണ്ടപ്പേർ അനുവദിക്കുക എന്നു പറയുന്നത്. കരം അടയ്ക്കുന്ന രസീതിൽ ടിപി എന്ന് രേഖപ്പെടുത്തി കാണിക്കുന്ന ഈ നമ്പരാണ് ഭൂസ്വത്തിന്റെ റവന്യൂ ഐഡന്റിറ്റി.

സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ മുടക്കിയത് 10 കോടി രൂപയിലേറെ; മുംബൈയിൽ പൊന്നുംവിലക്ക് ഭൂമി വാങ്ങി അദാനി






