വീടിനൊരു മേക്ക് ഓവർ; പഴയ വീടിന്റെ രണ്ടാം നില നിർമ്മാണം ലാഭകരവും സുരക്ഷിതവുമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പഴയ വീടിന് മുകളില്‍ രണ്ടാം നില പണിയുന്നതിന് മുന്‍പ് അടിത്തറയുടെ കരുത്ത്, നിയമാനുമതികള്‍, പ്ലാനിംഗ്, ചെലവ് എന്നിവര്‍ കൃത്യമായി വിലയിരുത്തണം.

വിസ്തൃതിയുമുള്ള പറമ്പുകൾക്ക് നടുവിലെ ഒറ്റനില വീടുകൾ മലയാളിയുടെ ഗൃഹാതുരത്വമായിരുന്നു. എന്നാൽ കാലം മാറി. ഭൂമിക്ക് പൊന്നുംവിലയാവുകയും ലഭ്യമായ സ്ഥലം കുറയുകയും ചെയ്തതോടെ, പലരും ഉള്ള സ്ഥലത്ത് നിലകളായി വീടുകൾ പണിയാൻ ആരംഭിച്ചു. പഴയ വീടുകൾ പുതുക്കി പണിത് സ്ഥലസൗകര്യത്തിനായി നിലകൾ കൂട്ടിയെടുക്കുന്ന രീതിയും ഇന്ന് പതിവ് കാഴ്ചയാണ്, നിലവിലുള്ള വീടിന് മുകളിൽ മറ്റൊരു നില പണിയുക എന്നത് ഒരു മുറി കൂട്ടിയെടുക്കുന്നത് പോലെ ലളിതമായ കാര്യമല്ല. അത് വീടിന്റെ 'ഹൃദയമിടിപ്പിനെ' സ്വാധീനിക്കുന്ന ഒരു വലിയ സർജറിയാണ്. അതുകൊണ്ടുതന്നെ കൃത്യമായ പ്ലാനിംങ് ഇല്ലെങ്കിൽ അത് എന്നെന്നേക്കുമായൊരു ബാധ്യതയും ആയി മാറാം. അതുകൊണ്ടുതന്നെ പഴയ വീടുകൾ പുതുക്കി പണിയാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങൾ ഇനി പങ്കുവയ്ക്കാം.
അടിത്തറയുടെ കരുത്തറിഞ്ഞ് പണി തുടങ്ങാം
പഴയ വീട് രണ്ട് നിലയായി പുതുക്കിപ്പണിയുമ്പോൾ ഒരു അധിക നിലയുടെ ഭാരം താങ്ങാൻ നിലവിലുള്ള അടിത്തറയ്ക്കും തൂണുകൾക്കും ശേഷിയുണ്ടോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. 15-20 വർഷം പഴക്കമുള്ള വീടുകൾ പലപ്പോഴും ഒറ്റനില മാത്രം ലക്ഷ്യമിട്ട് നിർമ്മിച്ചവയാകും. അതുകൊണ്ടുതന്നെ ഒരു ലൈസൻസുള്ള സ്ട്രക്ച്ചറൽ എൻജിനീയറെക്കൊണ്ട് വീട് പരിശോധിപ്പിക്കുകയാണ് ആദ്യ ഘട്ടം. അദ്ദേഹത്തിന്റെ പക്കൽ നിന്നുള്ള സ്റ്റെബിലിറ്റി റിപ്പോർട്ട് ലഭിക്കാതെ പണി തുടങ്ങരുത്. കേരളത്തിലെ തീരപ്രദേശങ്ങളിലോ ചതുപ്പ് നിലങ്ങളിലോ ആണ് വീടെങ്കിൽ മണ്ണിന്റെ ഭാരം താങ്ങാനുള്ള ശേഷി നിർബന്ധമായും പരിശോധിക്കണം. അടിത്തറ താഴുന്നത് കെട്ടിടത്തിന് മൊത്തത്തിൽ വിള്ളലുകൾ ഉണ്ടാക്കാൻ കാരണമാകും.
സ്വന്തം വീടാണെങ്കിലും നിയമം പാലിച്ചില്ലെങ്കിൽ പണി കിട്ടും
രണ്ടാം നില പണിയുന്നത് നിങ്ങളുടെ സ്വന്തം ഇഷ്ടമാണെങ്കിലും, നിയമപരമായി അതിന് ചില അതിർവരമ്പുകളുണ്ട്. ഭാവിയിൽ വീട് വിൽക്കാനോ ബാങ്ക് വായ്പ എടുക്കാനോ നിയമപരമായ അനുമതികൾ അത്യാവശ്യമാണ്. നിലവിലുള്ള ബിൽഡിംഗ് പ്ലാനിൽ പുതിയ മാറ്റങ്ങൾ വരുത്തി ആർക്കിടെക്റ്റിന്റെ സഹായത്തോടെ പുതുക്കണം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി അല്ലെങ്കിൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. സെറ്റ് ബാക്ക്, കെട്ടിടത്തിന്റെ ഉയരം എന്നിവ സംബന്ധിച്ച സർക്കാർ നിയമങ്ങൾ ലംഘിക്കുന്നത് പിഴയ്ക്കും പൊളിച്ചുനീക്കലിനും കാരണമാകും.
പ്ലാനിങ് മുഖ്യം
രണ്ടാം നില പണിയുമ്പോൾ താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ നിർമ്മാണം പ്ലാൻ ചെയ്യണം. കോൺക്രീറ്റിന് പകരം ജി.ഐ സ്ക്വയർ പൈപ്പുകളും ബോർഡുകളും ഉപയോഗിച്ചുള്ള 'ലൈറ്റ് വെയ്റ്റ്' കൺസ്ട്രക്ഷൻ രീതികൾ ഇന്ന് പ്രചാരത്തിലുണ്ട്. ഇത് അടിത്തറയ്ക്കുള്ള ഭാരം കുറയ്ക്കാൻ സഹായിക്കും. വീടിന് ഉള്ളിലൂടെയാണോ പുറത്തുകൂടിയാണോ ഗോവണി വേണ്ടതെന്ന് കൃത്യമായി നിശ്ചയിക്കുക. ഇത് താഴത്തെ നിലയുടെ സ്വകാര്യതയെ ബാധിക്കാത്ത രീതിയിലായിരിക്കണം. പഴയ വീടുകൾ പുതുക്കുമ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ ചിലവ് വരാൻ സാധ്യതയുണ്ട്. വയറിംഗ്, പ്ലംബിംഗ് എന്നിവ പുതുക്കേണ്ടി വരുന്നത് അധിക ചിലവാണ്. അതിനാൽ ഒരു കൃത്യമായ ബജറ്റ് മുൻകൂട്ടി തയ്യാറാക്കുക.
ചുരുക്കി പറഞ്ഞാൽ വീട് എന്നത് വെറും കല്ലും സിമന്റും മാത്രമല്ല, അത് എന്നും സുരക്ഷിതമായിരിക്കേണ്ട ഒരിടമാണ്. അതുകൊണ്ട് തന്നെ അധിക നിലയുടെ നിർമ്മാണത്തിൽ വിട്ടുവീഴ്ചകൾ അരുത്. വിദഗ്ദ്ധരുടെ ഉപദേശവും കൃത്യമായ നിയമപരിരക്ഷയും ഉറപ്പാക്കിയാൽ, നിങ്ങളുടെ വീട് വർഷങ്ങളോളം തലയുയർത്തി തന്നെ നിൽക്കും.

The Rise of Thrissur: Why Kerala’s Cultural Capital is the New Real Estate Hotspot in 2026






