Location

Select Location

കുറഞ്ഞ ചെലവിൽ ഒരുക്കാം മനോഹരമായ അടുക്കള: കബോർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകൾ മറക്കരുത്

ബജറ്റിൽ മനോഹരവും ദീർഘകാലം ഈടുനിൽക്കുന്ന അടുക്കള ഒരുക്കാൻ അലുമിനിയം, പിവിസി, ബാംബൂ പ്ലൈ, പഴയ തടി തുടങ്ങിയ മെറ്റീരിയലുകൾ ഉപയോഗിക്കുന്ന പ്രായോഗിക മാർഗങ്ങൾ വിശദീകരിക്കുന്ന ഉപകാരപ്രദമായ ലേഖനം.

കുറഞ്ഞ ചെലവിൽ ഒരുക്കാം മനോഹരമായ അടുക്കള: കബോർഡുകൾ തിരഞ്ഞെടുക്കുമ്പോൾ ഈ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഓപ്ഷനുകൾ മറക്കരുത്
Admin
February 16, 2026

വീടിന്റെ ഹൃദയമാണ് അടുക്കള. എന്നാൽ ഒരു വീട് പണിയുമ്പോൾ ബജറ്റിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും അടുക്കളയുടെ ഇന്റീരിയർ ജോലികളാണ്. വലിയ തുക മുടക്കി തടിയിൽ കബോർഡുകൾ പണിയുന്ന പഴയ രീതിയിൽ നിന്നും മാറി ഇന്ന് ഈടുനിൽക്കുന്നതും എന്നാൽ പോക്കറ്റ് ചോരാത്തതുമായ ഒട്ടനവധി ഓപ്ഷനകൾ നമ്മുടെ മുന്നിലുണ്ട്. നിങ്ങളുടെ അടുക്കളയെ സ്മാർട്ടാക്കാൻ സഹായിക്കുന്ന ചില ലളിതമായ വഴികൾ നോക്കാം.

അടിത്തറ ഭദ്രമാക്കാം


അടുക്കളയിൽ കബോർഡുകൾ ഒരുക്കുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഈർപ്പത്തെയാണ്. അതിനാൽ വാട്ടർ റെസിസ്റ്റന്റ് ആയ മെറ്റീരിയലുകൾ തന്നെ തിരഞ്ഞെടുക്കണം. പഴയതുപോലെ കോൺക്രീറ്റ് സ്ലാബുകൾ വാർക്കുന്നതിന് പകരം മെറ്റൽ ഫ്രെയിമുകളിൽ കബോർഡുകളും കൗണ്ടർടോപ്പും ഉറപ്പിക്കുന്ന രീതിയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. സ്ലാബ് വാർക്കുകയാണെങ്കിൽ തന്നെ തട്ടുകൾക്കായി 'ഫെറോസിമന്റ്' ഉപയോഗിക്കുന്നത് ലാഭകരമാണ്.

ബഡ്ജറ്റ് ഫ്രണ്ട്‌ലി അലുമിനിയം 


ഭംഗിയും ഈടും ഒത്തുചേരുന്ന അലുമിനിയമാണ് ഇന്ന് ഇടത്തരക്കാരുടെ ഇഷ്ടതാരം. പണ്ട് കണ്ടിരുന്ന വെള്ളിനിറത്തിലുള്ള അലുമിനിയം ഫ്രെയിമുകൾക്ക് പകരം വുഡൻ ഫിനിഷിലും ട്രെൻഡി നിറങ്ങളിലും അലുമിനിയം ലഭ്യമാണ്. തുരുമ്പ് എടുക്കില്ല, ദീർഘകാലം ഈടുനിൽക്കും. കബോർഡ് ബോക്സിനും വാതിലിനും ഒരുപോലെ അനുയോജ്യമാണ്, ഗ്രേഡ് അനുസരിച്ച് ചതുരശ്രയടിക്ക് 500 മുതൽ 900 രൂപ വരെയാണ് നിരക്ക്.

ഒരിക്കലും നശിക്കാത്ത പിവിസി / യുപിവിസി


ഏറ്റവും കുറഞ്ഞ ചിലവിൽ അടുക്കള ഒരുക്കാൻ ആഗ്രഹിക്കുന്നവർക്ക് പിവിസി അല്ലെങ്കിൽ യുപിവിസി തിരഞ്ഞെടുക്കാം. ഇവയ്ക്ക് ഭാരം വളരെ കുറവാണ് എന്നതും ഈർപ്പം തട്ടിയാൽ നശിക്കില്ല എന്നതും വലിയ നേട്ടമാണ്. ഏത് നിറത്തിലും ഇവ ലഭ്യമാണെങ്കിലും ഫിനിഷിംഗിന്റെ കാര്യത്തിൽ അലുമിനിയത്തിന് അല്പം പിന്നിലാണ്. ചതുരശ്രയടിക്ക് ഏകദേശം 250 രൂപ മുതൽ ഇവ ലഭ്യമാണ്.


പ്രകൃതിയോട് ഇണങ്ങുന്ന ബാംബൂ പ്ലൈ


പരിസ്ഥിതി സൗഹൃദമായ ഒരു രീതി വേണമെന്നുള്ളവർക്ക് 'ബാംബൂ പ്ലൈ' ഷീറ്റുകൾ പരീക്ഷിക്കാം. തടിയേക്കാൾ വില കുറവാണെങ്കിലും എല്ലായിടത്തും ഇത് ലഭ്യമാകണമെന്നില്ല എന്നതാണ് ഏക പോരായ്മ. 

പഴയ തടിയിൽ ഒരുക്കാം പുത്തൻ അടുക്കള


ചിലവ് കുറയ്ക്കാൻ മറ്റൊരു വഴികൂടിയുണ്ട്. പഴയ കെട്ടിടങ്ങൾ പൊളിക്കുന്നിടത്തോ അല്ലെങ്കിൽ തടി ഉരുപ്പടികൾ വിൽക്കുന്ന കടകളിലോ ഉള്ള ജനൽ പാളികളോ പലകകളോ ഉപയോഗിച്ച് കബോർഡ് വാതിലുകൾ നിർമ്മിക്കാം. നല്ലൊരു ആശാരിയുടെ സഹായമുണ്ടെങ്കിൽ പഴയ തടിയെ പുത്തൻ ലുക്കിൽ അടുക്കളയിലെത്തിക്കാം


ആഡംബരത്തേക്കാൾ ഉപരി അടുക്കളയിൽ പ്രായോഗികതയ്ക്കാണ് മുൻതൂക്കം നൽകേണ്ടത്. അതുകൊണ്ടുതന്നെ മുകളിൽ പറഞ്ഞിരിക്കുന്നവയിൽ നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കും അഭിരുചിക്കും അനുയോജ്യമായ മെറ്റീരിയലുകൾ തിരഞ്ഞെടുക്കുന്നതിലൂടെ മനോഹരവും ഈടുനിൽക്കുന്നതുമായ ഒരു അടുക്കള സ്വന്തമാക്കാം.

തോന്നിയ ഉയരത്തിൽ മതിൽ കെട്ടാൻ സാധിക്കുമോ? നിസ്സാരമല്ല, ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം

The Rise of Thrissur: Why Kerala’s Cultural Capital is the New Real Estate Hotspot in 2026